ചാലക്കുടി ∙ സൗത്ത് ജംക്‌ഷനിൽ കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസിന് കുറുകെ കാർ നിർത്തി ബസ് തടഞ്ഞശേഷം ഡ്രൈവറെ മർദിക്കുകയും ബസിന്റെ താക്കോൽ ഊരിക്കൊണ്ടു പോകുകും ചെയ്ത കേസിൽ 3 പേർ അറസ്റ്റിൽ. വാഹനത്തിനു സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ചായിരുന്നു അക്രമസംഭവങ്ങൾ അരങ്ങേറിയത്. എറണാകുളം ജില്ലയിലെ തുറവൂർ കിടങ്ങൂർ കവരപ്പറമ്പിൽ എബിൻ (39), അങ്കമാലി പീച്ചാനിക്കാട് പറമ്പി ഷിന്റോ (39), കറുകുറ്റി കരയാംപറമ്പ് പുളിയനം ബെൽജോ (39) എന്നിവരെയാണു ഡിവൈഎസ്പി വി.കെ. രാജുവിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അങ്കമാലിയിൽ നിന്നു പിടികൂടിയത്. പ്രതികൾ ഡ്രൈവറെ മർദിക്കുകയും താക്കോൽ ഊരിക്കൊണ്ടു പോകുകയും ചെയ്തതോടെ ബസിന്റെ ട്രിപ്പ് മുടങ്ങിയിരുന്നു.
26നു രാത്രി 11.45ഓടെ സൗത്ത് മേൽപാലത്തിനു സമീപം സർവീസ് റോഡിലായിരുന്നു സംഭവം. സൂപ്പർഫാസ്റ്റ് ബസ് ഓടിച്ച് വന്ന ഇടുക്കി തൊടുപുഴ തൊട്ടി്പപറമ്പിൽ അബ്ദുൽ ഷുക്കൂറിനു (53) നേരെയാണ് ആക്രമണമുണ്ടായത്. ബസ് തടഞ്ഞ പ്രതികൾ ഡ്രൈവറെ അസഭ്യം പറയുകയും മർദിക്കുകയുമായിരുന്നു. ഡ്രൈവറുടെ കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും ബസ് ട്രിപ്പ് മുടക്കിയതിനുമാണു പ്രതികൾക്കെതിരെ കേസ് എടുത്തിരിക്കുന്നത്. പ്രതികളെ റിമാൻഡ് ചെയ്തു. കാർ കസ്റ്റഡിയിൽ എടുക്കാനായിട്ടില്ല. സംഭവത്തിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. ഇൻസ്പെക്ടർ എം.കെ.സജീവ്, എസ്ഐമാരായ അജിത്, ലാലു, ഉണ്ണിക്കൃഷ്ണൻ, സീനിയർ സിവിൽ പൊലീസ് ഓഫിസർ സുജിത്കുമാർ, സിവിൽ പൊലീസ് ഓഫിസർ ജിജോ പടിക്കല എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.